ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. ബജ്‌റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.
ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ഡൽഹി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
എന്ത് വില കൊടുത്തും മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. പൊലീസ് നിഷ്‌ക്രിയമാണെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് സമരം. രാവിലെ മുതൽ നഗരത്തിൽ കനത്ത പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സമരം മുന്നോട്ട് പോയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്നാണ് ഗുസ്തി താരങ്ങൾ മുന്നോട്ട് പോയത്. വലിയ പൊലീസ് നിര ഇവരെ തടയാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങൾ ദേശീയ പതാകയുമേന്തി പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയാണ്. ദില്ലിയിൽ ഈ മേഖലയിൽ വലിയ സംഘർഷാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

