ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 32ആയി. ഇതിൽ 12 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. എ.സിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
ടിആർപി ഗെയിം സോണിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്. ഇതിന്റെ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്നാണ് രാജ്കോട്ട് പോലീസ് കമ്മിഷണർ രാജു ഭാർഗവ പറയുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായതുശേഷം മാത്രമേ മരണസംഖ്യ എത്രയെന്ന് പറയാനാകു എന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ ദുരന്തത്തിന് കാരണമായത് വൻ സുരക്ഷാ വീഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ടിആർപി ഗെയിം സോൺ രണ്ടുവർഷമായി പ്രവർത്തിച്ചത് ഫയർ എൻഒസി ഇല്ലാതെയാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എൻട്രിയും, ഒരു എക്സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ റേസിങിന് ഉപയോഗിക്കാൻ കൂടിയ അളവിൽ ഇന്ധനം സൂക്ഷിച്ചത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. അവധി ദിവസമായതിനാൽ ഓഫർ നിരക്കിൽ ടിക്കറ്റ് നൽകിയതോടെ തിരക്കും ഏറിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

