രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും.
രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ദ്രൗപദി മുർമു അധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും യോഗത്തിനുണ്ട്.
യോഗത്തില്‍ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടുള്ളത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തം സംബന്ധിച്ച് ആദ്യ വാർത്ത പുറത്തു വന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രി നടപടികള്‍ തുടങ്ങിയതാണെന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ അവസ്ഥയില്‍ രാജ്യം എന്തായാലും വയനാടിന് ഒപ്പം നില്‍ക്കും എന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞിരുന്നു.
പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്കരണം, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് രാഷ്ട്രപതി വിളിച്ച ഗവർണർമാരുടെ യോഗത്തിലെ പ്രധാന അജണ്ടകള്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

