ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്. കാമുകനില്‍നിന്ന് ഗര്‍ഭം ധരിച്ചതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടെന്നും ഇതില്‍ പ്രകോപിതനായാണ് കാമുകനും സുഹൃത്തുക്കളും യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ജൂലായ് മൂന്നാം തീയതിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ ആദേശും കൂട്ടാളികളും വലയിലായത്.
ജൂലായ് രണ്ടാം തീയതിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2015-ല്‍ രാംബിരിയും വിനോദ് എന്നയാളും തമ്മില്‍ വിവാഹിതരായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ആദേശുമായി അടുപ്പത്തിലായത്. പിന്നാലെ കാമുകനില്‍നിന്ന് യുവതി ഗര്‍ഭം ധരിക്കുകയും ചെയ്തു.
ഗര്‍ഭിണിയായതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തന്നെ വിവാഹം കഴിക്കാനായി കാമുകനോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് താത്പര്യമില്ലാതിരുന്ന ആദേശ്, വിവാഹത്തിനായുള്ള സമ്മര്‍ദം തുടര്‍ന്നതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്തശേഷം ജൂലായ് രണ്ടാം തീയതി ആദേശ് കാമുകിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

