ദില്ലി ചലോ മാർച്ചിനിടെ പഞ്ചാബ് ഹരിയാന അതൃത്തിയിലെ അമ്പാലയിലാണ് സംഘർഷം ഉണ്ടായത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് അടച്ചതിനു പുറമെ 7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് സമരത്തിന് തുടക്കമായത്. പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് കിസാൻ മസ്ദൂർ മോർച്ച അംഗങ്ങൾ ഡൽഹി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ശംഭു അതിർത്തിയിൽ നൂറുകണക്കിന് കർഷകരാണ് യാത്രയിൽ അണിനിരക്കാൻ എത്തിയത്. സർക്കാറുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇന്നലത്തെ യോഗത്തിൽ പരമാവധി ശ്രമിച്ചതാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം ആരംഭിക്കുന്നതെന്നുമാണ് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പാന്തെർ പറഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

