കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ നടത്തുക. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തിരുന്നു.
ഇന്നലെ കൊട്ടിക്കലാശ ദിവസം പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
ഇന്നലെ ബെംഗളുരു നഗരത്തിൽ നടന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയാകട്ടെ നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകൾ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണ യോഗങ്ങളാണ് കോൺഗ്രസും ബിജെപിയും ബെംഗലൂരു നഗരം കേന്ദ്രീകരിച്ച് നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

