കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.
2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പുതിയ നോട്ടീസിൽ പറയുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോള്‍ നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷൻ കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജൻസിയുടെ നടപടി. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

