സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ ഇന്ന് കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.
കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.
ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷൻ വാര്‍ഡുകള്‍ സജ്ജമാക്കാൻ നിര്‍ദ്ദേശമുണ്ട് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്‌ട്രേറ്റ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകള്‍ കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

