ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസെടുക്കണം. epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം.
ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഇ-പാസ് മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് നിര്‍ബന്ധമാക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു.
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും.
അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാം.
ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തില്‍ യാത്രചെയ്യുന്ന എല്ലാവര്‍ക്കും ഇ-പാസ് വേണ്ട. ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സര്‍ക്കാര്‍ബസുകളില്‍ക്കയറി പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. അവരുടെ എണ്ണം തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍നിന്നെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

