കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പരാതി ഒതുക്കാൻ ശ്രമിച്ചു: ആരോപണവുമായി വിനേഷ് ഫോഗട്ട്

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ആരോപണവുമായി ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ്ഭുഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിലാണു താരങ്ങൾ. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാതെ അന്വേഷണത്തിന് ഒരു പാനലിനെ നിയോഗിച്ച് പരാതി ഒതുക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു.

”അധികാരസ്ഥാനത്ത് ദീർഘകാലം തുടർന്ന അതിശക്തനായ ഒരാളെ എതിർത്തുനിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. മൂന്ന് – നാലു മാസമായി ഞങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു. വനിതാ താരങ്ങൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചും അവർക്കുണ്ടാകുന്ന മാനസികപീഡനങ്ങളെക്കുറിച്ചും അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പിന്നീടാണ് ഞങ്ങൾ ധർണ ഇരിക്കാൻ ആരംഭിച്ചത്.

വിഷയം സംബന്ധിച്ച് അനുരാഗ് ഠാക്കൂറുമായി ആദ്യം ചർച്ച നടത്തിയതിനു ശേഷം പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ലൈംഗിക പീഡനത്തെക്കുറിച്ച് എല്ലാ അത്ലീറ്റുകളും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അന്വേഷണത്തിന് ഒരു കമ്മിറ്റിയെ നിയമിച്ച് വിഷയം ഒതുക്കിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരു നടപടിയും എടുത്തില്ല. ബ്രിജ്ഭുഷൺ പറയുന്നത് ഒളിംപിക്‌സിനു വേണ്ടി ചില നിയമങ്ങൾ ഏർപ്പെടുത്തിയെന്നും അതിനെതിരെയാണ് താരങ്ങളുടെ പ്രതിഷേധം എന്നുമാണ്. എന്നാൽ ഇത് ഒളിംപിക്‌സിനെതിരെയല്ല, ലൈംഗിക പീഡനത്തിനെതിരെയാണ്” – വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ രാജിവച്ചാൽ അതിനർഥം താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിക്കലാണെന്ന് ബ്രിജ്ഭുഷൺ ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ നീതിയാണ് ഞങ്ങൾക്കു വേണ്ടതെന്ന മറുപടിയാണ് വിനേഷ് ഫോഗട്ട് ഇതിനു നൽകിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply