കുളുവിൽ പാരാഗ്ലൈഡിംഗിനിടെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; പൈലറ്റ് അറസ്റ്റിൽ

പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്. സംഭവത്തിൽ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭർത്താവ് സായ് മോഹനും സഹപ്രവർത്തകർക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവിൽ എത്തിയതെന്ന് പട്ലികുഹൽ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ദമ്പതികൾ. 

കുളുവിലെ ദോഭി ഗ്രാമത്തിലാണ് നവ്യയും സഹപ്രവർത്തകരും പാരാഗ്ലൈഡിംഗിന് എത്തിയത്. റിവ്യാൻഷ് അഡ്വഞ്ചേഴ്സ് എന്ന കമ്പനിയെ സമീപിച്ചു. പാരാഗ്ലൈഡിംഗിനിടെ നവ്യ മുകളിൽ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി. പാരാഗ്ലൈഡിംഗ് സർവീസ് കമ്പനിക്കും പൈലറ്റിനും  ലൈസൻസുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിൻറെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പാരാഗ്ലൈഡിംഗ് പൈലറ്റ് രാഹുൽ സിംഗിനെയും റിവ്യാൻഷ് അഡ്വഞ്ചേഴ്സ് ഉടമയായ ഗാൻശ്യാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply