കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി

കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡൽഹി ദ്വാരക സെക്ടർ മൂന്നിലെ സ്വകാര്യഹാളിൽ പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ.

വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. വിവാഹവേദിയിൽവെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലർത്തി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, സ്പെഷ്യൽ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിൽനിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയിൽ വിന്യസിച്ചിരിക്കുന്നത്. അതിഥികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആയുധധാരികളായ കമാൻഡോകൾക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് വിവാഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോൺ സംവിധാനവുമുണ്ട്.

വിവാഹത്തിൽ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങൾ കാലാ ജഠെഡിയുടെ ബന്ധുക്കൾ നേരത്തെ പോലീസിന് കൈമാറിയിരുന്നു. ഇതിനുപുറമേ വിവാഹസൽക്കാരത്തിൽ ഭക്ഷണം വിളമ്പുന്നവർക്ക് ഉൾപ്പെടെ പ്രത്യേക ഐ.ഡി. കാർഡും പോലീസ് നൽകിയിട്ടുണ്ട്.

തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെഡിക്ക് വിവാഹത്തിനായി ആറുമണിക്കൂർ പരോളാണ് കോടതി അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണി വരെയാണ് ഈ സമയം. ഇതിനിടെയിലാണ് ദ്വാരകയിലെ വേദിയിൽ വിവാഹചടങ്ങുകളും നടക്കുക.

തിഹാർ ജയിലിൽനിന്ന് ഏഴുകിലോമീറ്റർ അകലെയാണ് വിവാഹം നടക്കുന്ന സ്വകാര്യഹാൾ. 51,000 രൂപ വാടകയ്ക്ക് കാലാ ജഠെഡിയുടെ അഭിഭാഷകനാണ് വിവാഹവേദി ബുക്ക് ചെയ്തതെന്നാണ് റിപ്പോർട്ട്.

അതിനിടെ, അനുരാധ ചൗധരി വിവാഹവേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹചടങ്ങിന് മുന്നോടിയായി അനുരാധ മെഹന്തിയിടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സന്ദീപ് എന്ന കാലാ ജഠെഡി ഡൽഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകം, പണം തട്ടൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരേയുള്ളത്.

ഗുസ്തിതാരമായ സാഗർ ധൻഖറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് കാലാ കുപ്രസിദ്ധി നേടിയത്. ഗുസ്തിതാരം സുശീൽകുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുമായും ഇയാൾക്ക് ബന്ധമുണ്ട്. ജയിലിൽ കഴിയുന്നതിനിടെ കാലായ്ക്ക് എല്ലാവിധ സഹായങ്ങളും നൽകിയത് ബിഷ്‌ണോയി ആണെന്നായിരുന്നു റിപ്പോർട്ട്.

രാജസ്ഥാനിലെ സികാർ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാഡം മിൻസ്, റിവോൾവർ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. 2017-ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവൻ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോൾവർ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനൽ സംഘങ്ങൾക്കൊപ്പം ചേർന്നത്. തുടർന്ന് പണം തട്ടൽ, കവർച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലും പ്രതിയായി. അനുരാധയുടെ രണ്ടാംവിവാഹമാണിത്.

ക്രിമിനലുകളായ കാലായും അനുരാധയും 2020 മുതൽ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവിൽ കഴിയവേയാണ് ഇരുവരെയും ഡൽഹി പോലീസ് പിടികൂടിയത്. 2021-ൽ നടന്ന ഡൽഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും അഴിക്കുള്ളിലായത്. നിലവിൽ അനുരാധ ചൗധരി ജാമ്യത്തിലാണ്. 

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply