ഔദ്യോഗിക വസതി ഒഴിയാൻ മഹുവ മൊയ്ത്രക്ക് നോട്ടിസ്

വീട് ഒഴിയാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് നോട്ടിസ്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാനാണു നിർദേശം. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

അതേസമയം, ലോക്സഭയിൽനിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ നിർദേശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിലെത്തുന്നത്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് എത്തിക്സ് കമ്മിറ്റിക്ക് അധികാരമുള്ളത്. അംഗത്വം പൂർണമായി റദ്ദാക്കാൻ ശിപാർശ ചെയ്യാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് മഹുവയുടെ വാദം.

ലോക്സഭയിൽ ചോദ്യങ്ങളുന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരനന്ദാനിയിൽനിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. പാർലമെന്ററി വെബ്സൈറ്റിന്റെ ലോഗിൻ വിവരങ്ങൾ മഹുവ ഹിരനന്ദാനിക്ക് നൽകിയെന്നും ആരോപണമുണ്ട്. എന്നാൽ താനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് ദർശൻ ഹിരനന്ദാനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മഹുവ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply