ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറഞ്ഞു. മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി.
അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ അവിടെവച്ച് മരിച്ചു. ഓൺലൈനിൽ ഓർഡർ ചെയ്ത ചോക്‌ളേറ്റ് കേക്കിൽ വിഷപദാർഥം അടങ്ങിയിരുന്നുവെന്നും അതാണ് മരണത്തിനു കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബേക്കറി ഉടമയെ പ്രതി ചേർത്ത് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കേക്കിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

