ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോയ കേന്ദ്ര സർക്കാരിന്റെ എംപിമാരുടെ സംഘങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് എംപി ശശി തരൂർ നയിച്ച സംഘവും ദൗത്യം പൂർത്തിയാക്കി ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും.
ഗയാന, പനാമ, കൊളംബിയ, ബ്രസീൽ എന്നിവ ഉൾപ്പെട്ടിരുന്ന ബഹുരാഷ്ട്ര സന്ദർശനത്തിലെ അവസാന സ്റ്റോപ്പ് അമേരിക്കയായിരുന്നു.ജൂൺ 3നാണ് തരൂരും സംഘവും വാഷിംഗ്ടണിൽ എത്തിയത്. അവിടെ അവർ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്,ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ,കോൺഗ്രസിലെ മുതിർന്ന അംഗങ്ങൾ, നയ വിദഗ്ദ്ധർ,ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വാൻസുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് തരൂർ പറഞ്ഞു.. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ ശക്തമായ പിന്തുണ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ലാൻഡൗ ആവർത്തിച്ചു
സമൂഹമാധ്യമങ്ങളിൽ തരൂർ പങ്കുവെച്ച ഹിന്ദി കവിതയും രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റി. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ.