ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 7 സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞദിവസം എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.
എൻഐഎ കഴിഞ്ഞവർഷം നടത്തിയ റെയ്ഡിൽ ഏഴു പേരുടെ കൈയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാൻഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടിൽ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ മറ്റ് പ്രതികളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. കേസിൽ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സൽമാൻ ഖാൻ എന്നിവർ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സഹിദ് തബ്രേസ്, സയ്യിദ് മുദസിൽ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

