എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിഷേധം; നാടകവേദിയാക്കരുതെന്ന് പ്രധാനമന്ത്രി

എസ്.ഐ.ആർ. വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടെ, പാർലമെന്റ് നാടകവേദിയാക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിന്റെ രാജി സംബന്ധിച്ചും ഭരണ-പ്രതിപക്ഷം തമ്മിൽ വാഗ്വാദമുണ്ടായി.

ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവന്ന്, പാർലമെന്റിൽ തങ്ങളുടെ കടമ നിർവഹിക്കണമെന്നും നാടകമല്ല കളിക്കേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എസ്.ഐ.ആർ. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നു.

രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദന ചടങ്ങുകൾക്ക് പിന്നാലെ പ്രതിപക്ഷം എസ്.ഐ.ആർ. വിഷയം ഉയർത്തി. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും, അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

എന്നാൽ, കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചതായി ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയം പ്രതിപക്ഷത്തെ അവശതയിലാക്കിയിരിക്കുകയാണെന്ന് ജെ.പി. നഡ്ഡ പരിഹസിച്ചു. ഈ ശീതകാല സമ്മേളനത്തിൽ ആണവോർജ്ജ ബിൽ ഉൾപ്പെടെ 13 ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply