ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റി

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. കമ്പനിയിലെ ഭാരിച്ച ചുമതലകൾ മൂലമാണ് മസ്ക് സന്ദർശനം മാറ്റിവെച്ചത് എന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനവാരമാണ് മസ്ക് ഇന്ത്യ സന്ദർശിക്കാനിരുന്നത്. ”നിർഭാഗ്യവശാൽ ടെസ്‍ലയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ കാരണം സന്ദർശനം മാറ്റിവെക്കേണ്ടി വന്നു. ഈ വർഷം തന്നെ ഞാൻ ഇന്ത്യ സന്ദർശിക്കും. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”-മസ്ക് എക്സിൽ കുറിച്ചു. ഈമാസാദ്യമാണ് ഇന്ത്യൻ സന്ദർശനത്തെ കുറിച്ച് മസ്ക് വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇന്ത്യയിൽ ടെസ്‍ല 2-3 ബില്യൺ ഡോളറിന്റെ നിക്ഷേപം ​പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മസ്കിന്റെ സന്ദർശനം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. കഴിഞ്ഞവർഷം ജൂണിൽ പ്രധാനമന്ത്രി യു.എസ് സന്ദർശിച്ചപ്പോൾ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും അന്ന് നടന്നു.

ടെസ്‍ല ആഗോളതലത്തിൽ തൊഴിലാളികളുടെ 10 ശതമാനം അതായത് ഏകദേശം 14,000 ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഏകദേശം 25,000 ഡോളറിന് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകൾ വികസിപ്പിക്കാനുള്ള പദ്ധതിയും ടെസ്‌ല ഉപേക്ഷിക്കുകയുണ്ടായി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply