ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; റദ്ദാക്കണമന്ന് സുപ്രീം കോടതി

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി. ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കുന്നവര്‍ നയരൂപീകരണത്തെ ഉൾപ്പെടെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.  ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

സംഭാവനയുമായി ബന്ധപ്പെട്ടു കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്.

2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply