‘ഇത് മോദിജിയുടെ പോൾ’; എക്സിറ്റ് പോളുകൾ തള്ളി രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിൽവരുമെന്ന വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പോളുകളെ ‘മോദി മീഡിയ പോൾ’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. എ.ഐ.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥികളുമായുള്ള ഓൺലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതിനെ എക്‌സിറ്റ് പോളുകൾ എന്നല്ല വിളിക്കുക, മോദി മീഡിയ പോൾ എന്നാണ് പേര്. ഇത് മോദിജിയുടെ പോൾ ആണ്, അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലുള്ള പോൾ’, രാഹുൽ പറഞ്ഞു.

‘ഇന്ത്യ’ സഖ്യം 295 സീറ്റുകൾ നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുൽ ആവർത്തിച്ചു. എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയാൽ 100 ദിവസത്തിൽ നടപ്പിലാക്കേണ്ട പരിപാടികളുടെ അജൻഡ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. മോദിയുടേത് സമ്മർദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. താൻ പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകാനാണ് മോദി ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply