വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനായി അന്വേഷണ ഏജൻസികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണമില്ലാതായതോടെ പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഈ മാച്ച് ഫിക്സിംഗ് മോദി ഒറ്റക്കല്ല ചെയ്യുന്നത്. അദ്ദേഹത്തിന്റെ കോടിപതികളായ ചില സഹായികളും ചേർന്നാണ് ഇതെല്ലാം ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുളള തെരഞ്ഞെടുപ്പാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിജെപിക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൽ എസ് ഐ ടി അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന ജാർഖണ്ട് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെ ഉടൻ വിട്ടയക്കണം. എല്ലാ പാർട്ടികൾക്കും തുല്യ അവകാശം ഇലക്ഷൻ കമ്മീഷൻ ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് കാലക്ക് പ്രതിപക്ഷത്തിനെതിരെ നടക്കുന്ന ഇഡി, ഐടി, സിബിഐ അന്വേഷണങ്ങൾ നിർത്തിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

