ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകരുടെ പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരും. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഭാൻസുരിയുടെ പേര് അശ്രദ്ധ മൂലം കടന്നുകൂടിയതാണെന്ന് ഇഡി സുപ്രിം കോടതിയെ ബോധിപ്പിച്ചു.
മദ്യനയ അഴിമതിയിൽ ആരോപണം നേടിരുന്ന എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ ജാമ്യം പരിഗണിക്കവെ ഇഡി അഭിഭാഷകൻ സോഹബ് ഹുസൈനാണ് ഇക്കാര്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബഞ്ചിന് മുമ്പാകെ അറിയിച്ചത്. ഇഡി ആവശ്യം അംഗീകരിച്ച ബഞ്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചു.
സഞ്ജയ് സിങ്ങിന് ജാമ്യം കിട്ടിയതിന് പിന്നാലെ എഎപി നേതാവ് സൗരഭ് ഭരദ്വാജാണ് ഇഡി അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ടിരുന്നത്. ബിജെപിയും ഇഡിയും ഒന്നാണ് എന്ന് ഇതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജു, അഭിഭാഷകരായ മുകേഷ് കുമാർ മറോറിയ, സോഹബ് ഹുസൈൻ, അന്നം വെങ്കിടേഷ്, കാനു അഗർവാൾ, അർകജ് കുമാർ എന്നിവർക്കൊപ്പമാണ് ഭാൻസുരിയുടെ പേരുമുണ്ടായിരുന്നത്. അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകളാണ് ഭാൻസുരി ഭരദ്വാജ്.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലെത്തിയതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്. അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന എഎപിക്ക് ഏറെ ആശ്വാസകരമായി സഞ്ജയിന്റെ ജാമ്യം. ഇഡിക്കെതിരെ വിമർശനം ഉന്നയിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

