മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയിൽ ഇന്ന് വിധി പറയില്ല. കെജ്രിവാളിന്റെ ഹര്‍ജിയിലെ ഇന്നത്തെ വാദം പൂർത്തിയായി. ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിർത്തു. ജ്യാമത്തിൽ വാദം കേൾക്കൽ മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം ദുരുപയോഗം ചെയ്യും. ജയിലിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ല. ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇ ഡി കോടതിയിൽ വാദിച്ചു.
ഇതോടെ ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാൾ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയമല്ല. രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേ സമയം, മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. വിചാരണക്കോടതിയുടേതാണ് നടപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

