കൊൽക്കത്ത ആ.ർജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം മൂന്നു പേരെ ബംഗാൾ സർക്കാർ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിൻസിപ്പൽ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടർന്ന് 12-ാം തീയതിയാണ് സുഹൃത ചുമതലയേൽക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിൻസിപ്പലും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു.
പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരു കൂട്ടം ആളുകൾ ഈ മാസം 15ന് ആശുപത്രിയിൽ അതിക്രമം നടത്തിയിരുന്നു. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ചുമതലയിലുണ്ടായിരുന്ന ആളുകൾക്കെതിരെ നടപടി വേണമെന്ന വിദ്യാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് വിദ്യാർഥികളും റസിഡന്റ് ഡോക്ടർമാരും മാർച്ച് നടത്തിയിരുന്നു. ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തുടങ്ങി ആശുപത്രി അടിച്ചു തകർത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാർ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കൊൽക്കത്ത നാഷനൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിൻസിപ്പൽ ചുമതലയിൽ നിന്നും സന്ദീപ് ഘോഷിനെ നീക്കം ചെയ്തു. ആർ.ജി. കാർ ആശുപത്രിയിൽ നിന്നും രാജിവച്ചതിനു പിന്നാലെ സന്ദീപ് ഘോഷ് നാഷനൽ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ആർ.ജി. കാർ ആശുപത്രിയിൽ പുതിയ പ്രിൻസിപ്പലായി മനാസ് ബന്ദോപാദ്യായ് ചുമതലയേൽക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

