ആഭ്യന്തരയാത്രയിൽ ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ. ഇനിമുതൽ ഇക്കണോമിക് ക്ലാസിലെ ‘ഇക്കണോമി കംഫർട്ട്,’ ‘കംഫർട്ട് പ്ലസ്’ എന്നീ നിരക്കുകളിലെ യാത്രികർക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇൻ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാൽ, ‘ഇക്കണോമി ഫ്ലെക്സി’നു കീഴിൽ ഉയർന്ന നിരക്ക് നൽകുന്ന യാത്രക്കാർക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം.
കേന്ദ്രസർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്നപ്പോൾ നഷ്ടത്തിലായിരുന്ന എയർലൈനിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പുതിയ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. 2022-ൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനുമുമ്പ് സൗജന്യ ബാഗേജ് അലവൻസ് 25 കിലോയിരുന്നു. ഇത് 2023-ൽ 20 കിലോയായി കുറച്ചു. ഇപ്പോൾ 15 കിലോയായി നിജപ്പെടുത്തിയതോടെ എയർ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവൻസ് മറ്റ് എയർലൈനുകൾക്കു തുല്യമായി.
വിമാനക്കമ്പനികൾ കുറഞ്ഞത് 15 കിലോഗ്രാം സൗജന്യ ചെക്ക് ഇൻ ബാഗുകൾ കൊണ്ടുപോകാൻ യാത്രക്കാരെ അനുവദിക്കണമെന്നാണ് ഡി.ജി.സി.എ. അനുശാസിക്കുന്നത്. എന്നാൽ, സൗജന്യ ബാഗേജ് അലവൻസ് വെട്ടിക്കുറയ്ക്കൽ, അധിക ബാഗുകൾക്കുള്ള ഫീസ് വർധിപ്പിക്കൽ തുടങ്ങി ബാഗേജ് നയങ്ങൾ എയർലൈനുകൾ നിരന്തരം പരിഷ്‌കരിക്കാറുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

