ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; പുതുക്കാം ഓൺലൈനിലൂടെ

ആധാർ കാർഡ് സൗജന്യമായി ഓൺലൈൻ വഴി പുതുക്കാനുളള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ മാസം 14വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ തിരിച്ചറിയൽ രേഖയായും (പ്രൂഫ് ഒഫ് ഐഡന്റിറ്റി, പിഒഐ) വിലാസം തെളിയിക്കാനുള്ള രേഖയായും (പ്രൂഫ് ഒഫ് അഡ്രസ്, പിഒഎ) ആയും ഉപയോഗിക്കുന്നതാണ് ആധാർ കാർഡ്. ആധാർ എൻറോൾമെന്റ് ആന്റ് അപ്പ്ഡേറ്റ് റെഗുലേഷൻസ് 2016 പ്രകാരം പിഒഎ, പിഒഐ രേഖകൾ ആധാർ തയ്യാറാക്കിയ തീയതിയിൽ നിന്ന് ഓരോ പത്തുവർഷം കൂടുമ്പോഴും നിർബന്ധമായും പുതുക്കണമെന്ന് നിഷ്‌കർഷിക്കുന്നു.

അഞ്ചുമുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായുള്ള ബ്‌ളൂ ആധാർ കാർഡ് പുതുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് തുടങ്ങിയവ യുഐഡിഎഐ വെബ്‌സൈറ്റ് വഴി സൗജന്യമായി മാറ്റാൻ സാധിക്കും. മൈ ആധാർ പോർട്ടലിലൂടെയായിരിക്കും ആധാർ വിവരങ്ങൾ പുതുക്കാനുളള അവസരം ലഭ്യമാകുക.

ഓൺലൈനിലൂടെ എങ്ങനെ പുതുക്കാം?

1.യുഐഡിഎഐ വെബ്സൈറ്റായ https://uidai.gov.in/ സന്ദർശിക്കുക.

2. ഉപയോക്താവിന്റെ ആധാർ നമ്പർ, ക്യാപ്ച്ചാ തുടങ്ങിയവ നൽകുക. ശേഷം മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് ‘സെന്റ് ഒടിപി’ എന്നതിൽ ക്ലിക്ക് ചെയ്യുക

3. അടുത്തതായി ‘അപ്ഡേറ്റ് ഡെമോഗ്രഫിക്‌സ് ഡാറ്റ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മാറ്റം വരുത്തേണ്ടവ അപ്‌ഡേറ്റ് ചെയ്യുക

4. തുടർന്ന് ‘പ്രൊസീഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തു നൽകുക.

5. അവസാനമായി ‘സബ്മിറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ ഒരിക്കൽക്കൂടി വെരിഫൈ ചെയ്യുക.

6. ഒടുവിൽ ‘അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ’ നൽകി, വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഇതിനായി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടതുണ്ട്. ജൂൺ 14നുശേഷം ആധാർ കാർഡ് പുതുക്കുന്നവരിൽ നിന്ന് പണം ഈടാക്കും. ഓൺലൈനായി അപ്ഡേഷൻ ചെയ്യുന്നവരിൽ നിന്ന് 25 രൂപയും ഓഫ്ലൈനായി ചെയ്യുന്നവരിൽ നിന്ന് 50 രൂപയുമായിരിക്കും ഈടാക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply