അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നു; എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി (എഎപി). കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കേജ്രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജയിൽ അധികൃതർ തന്നെ കേജ്രിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനു നൽകിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ നില തുടർന്നാൽ അദ്ദേഹത്തിന് ജയിലിനുള്ളിൽ വച്ച് എന്തും സംഭവിക്കാമെന്നു റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. കേജ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ലഫ്. ഗവർണറും ബിജെപിയും തെറ്റായ വിവരങ്ങളാണു പ്രചരിപ്പിക്കുന്നത്. കേജ്രിവാളിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധി സ്വന്തം ജീവൻ അപായപ്പെടുത്തി, തന്നെ വിശ്വസിക്കുന്ന ജനങ്ങളെ അനാഥരാക്കില്ല. ലഫ്. ഗവർണറുടെ നിർദേശമനുസരിച്ചാണ് കേജ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിഹാർ ജയിൽ അധികൃതരും തെറ്റായ റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. ലഫ്. ഗവർണർ ഇത്തരം കള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply