അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ അതിസമ്പന്നരിൽ ആരൊക്കെ എത്തുമെന്ന് ഉറ്റുനോക്കി വ്യവസായലോകം. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ഇന്ത്യയിലെ അതിസമ്പന്നരായ ചുരുക്കം ചിലർ പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി പ്രതിഷ്ഠാ ചടങ്ങിൽ എത്തുമെന്ന് തന്നെയാണ് റിപ്പോർട്ട്. 1,75,4000 കോടിയിലധികം വിപണി മൂല്യമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ചടങ്ങിൽ പങ്കെടുത്തേക്കും.
ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്,10000-ത്തിലധികം അതിഥികൾ എത്തുന്ന മെഗാ ഇവന്റിന് പങ്കെടുക്കാൻ വ്യവസായ പ്രമുഖർ മാത്രമല്ല കായികം, വിനോദം തുടങ്ങി മറ്റ് മേഖലകളിൽ നിന്നുള്ളവരും തയ്യാറെടുക്കുന്നുണ്ട്. അജയ് പിരമൽ, ഗൗതം സിംഘാനിയ, അനിൽ അഗർവാൾ, വേണു ശ്രീനിവാസൻ, ബാബാ കല്യാണി, അമിത് കല്യാണി, സതീഷ് മേത്ത തുടങ്ങിയ വ്യവസായികളും അതിഥി പട്ടികയിലുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളും ആത്മീയ ഗുരുക്കന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉൾപ്പടെ നിരവധി പേരാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, ഇത്രയും പേർ എത്തുന്നതിനാൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളെയും കൂടുതൽ സേനയെയും വിന്യസിച്ച് ക്ഷേത്ര നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിനുള്ളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പ്രത്യേക ട്രാഫിക് പ്ലാനുകളും നിലവിലുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

