ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്.
ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തതായി പരാതിയുണ്ട്. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും.
”എന്റെ ഫോണും ഇമെയിലും സർക്കാർ ഹാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി ആപ്പിളിൽനിന്ന് സന്ദേശവും ഇമെയിലും ലഭിച്ചു”– മഹുവ എക്സിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ്, ഗൗതം അദാനി എന്നിവരെ വിമർശിക്കുകയും ചെയ്തു. ശിവസേന എംപി പ്രിയങ്ക ചതുർവേദിക്കും മറ്റു ചില ‘ഇന്ത്യ’ മുന്നണി നേതാക്കൾക്കും മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും മഹുവ കുറിപ്പിൽ പരാമർശിച്ചു. മഹുവ പങ്കുവച്ച സ്ക്രീൻഷോട്ട് പ്രകാരം ആപ്പിളിൽനിന്നു ലഭിച്ച സന്ദേശം ഇങ്ങനെയാണ്– ”അലർട്ട്: സ്റ്റേറ്റ് സ്പോൺസേർഡ് ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം”
ആപ്പിളിൽനിന്ന് അപായസന്ദേശം ലഭിച്ചെന്നും ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതായും ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ”എന്നെപ്പോലുള്ള നികുതിദായകരുടെ ചെലവിൽ ജോലിയില്ലാത്ത ഉദ്യോഗസ്ഥർക്കു പണി നൽകുന്നതിൽ സന്തോഷമുണ്ട്! ഇതിലും വലിയ കാര്യങ്ങൾ ഒന്നും ചെയ്യാനില്ലേ?” – ശശി തരൂർ പരിഹസിച്ചു. ‘മോദി സർക്കാർ എന്തിനാണ് ഇതു ചെയ്യുന്നത്?’ എന്നു ചോദിച്ചായിരുന്നു പവൻ ഖേരയുടെ പോസ്റ്റ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

