അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ 5 വർഷത്തെ വിലക്ക് ഏർപ്പെടുത്തി സെബി

വ്യവസായി അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിനാണ് നടപടി. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്.

ഇതോടെ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയിൽ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം.

റിലയൻസ് ഹോം ഫിനാൻസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാൻ അനിൽ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അനിൽ അംബാനിയുടെ സ്വാധീനത്താൽ ഉന്നതരുടെ സഹായത്തോടെ ഈ നീക്കം മറികടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അനിൽ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയർപേഴ്സൺ എന്ന സ്ഥാനവും റിലയൻസ് ഹോം ഫിനാൻസിലെ ഓഹരി ഉടമസ്ഥതയും തട്ടിപ്പിനായി അനിൽ അംബാനി ദുരുപയോഗിച്ചു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ ഷാ എന്നിവരുൾപ്പടെയുള്ളവർക്കാണ് സെബിയുടെ വിലക്ക്. ബപ്നയ്ക്ക് 27 കോടി രൂപയും സുധാൽക്കർക്ക് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും സെബി പിഴചുമത്തിയിട്ടുണ്ട്. റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസറ്റ് ന്യൂസ് ഹോൾഡിങ്സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് 25 കോടി രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply