ബെംഗളൂരുവിൽനിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന 10 വരി അതിവേഗപാത രാജ്യത്തിനു സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് കർണാടകയിലെ മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ റോഡ് ഷോ. മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യയിൽ ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്.
ഈ വർഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക സന്ദർശിക്കുന്നത്. മണ്ഡ്യയിൽ, റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വൻ ജനാവലി പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റിൽ വീണ പൂക്കൾ കയ്യിലെടുത്ത് മോദി ജനങ്ങൾക്കു നേരെ വർഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ, ബെംഗളൂരു–മൈസൂരു അതിവേഗപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8172 കോടി രൂപ ചെലവിട്ടു നിർമിച്ച 118 കിലോമീറ്റർ ബെംഗളൂരു– മൈസൂരു അതിവേഗ പാതയോടൊപ്പം മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും മോദി നിർവ്വഹിച്ചു. 4130 കോടിയാണ് പദ്ധതിയുടെ ചെലവ്. ”കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ യുവാക്കൾ വളരെയധികം അഭിമാനിക്കുന്നു. ഈ പദ്ധതികളെല്ലാം സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കും.”– നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

