കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച അർധരാത്രി ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികൾ ഭാഗമാകും.
തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നഗരത്തിൽ ഏതാനും ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി ജീവനക്കാർ പ്രതികരിച്ചു. തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി.ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. നഗരത്തിൽ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.
17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സം?ഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2 മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസിൽനിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച് നടത്തും.

