പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ സിനിമയിൽ മോദിയായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദൻ. മോദിയുടെ 75-ാം ജന്മദിനത്തിലാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
‘മാ വന്ദേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പെടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യും. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ക്രാന്തി കുമാർ സി.എച്ച്. ആണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ, സംഗീത സംവിധായകൻ രവി ബസ്രൂർ, എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.
മോദിയുടെ കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി പദത്തിലെത്തുന്നതുവരെയുള്ള ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം. അമ്മ ഹീരാബെനുമായുള്ള മോദിയുടെ ആത്മബന്ധത്തിനും ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. അത്യാധുനിക വി.എഫ്.എക്സ്. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
നേരത്തെ, വിവേക് ഒബ്‌റോയ് നായകനായി വന്ന നരേന്ദ്ര മോദി ബയോപിക് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.

