Headlines

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ; തൽസ്ഥിതി തുടരാൻ നിർദേശം

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജിയിലെ പ്രധാന വിഷയമായിരുന്നില്ല മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്നത് എന്നും, പരിഗണനാ വിഷയം മറികടന്നാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മുനമ്പം വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങൾക്ക് സ്റ്റേ ബാധകമല്ലെന്നും കോടതി അറിയിച്ചു. ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി ജനുവരി 27-ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്ന് ബോർഡിനുവേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. വഖഫ് ഭൂമിയാക്കി 2019-ൽ വിജ്ഞാപനം ചെയ്തത് നോട്ടീസ് നൽകാതെയാണെന്ന് ഭൂവുടമകൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി. ചിദംബരേഷ് വാദിച്ചു. 70 വർഷമായി അവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഭൂവുടമകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവർ വെറും പൊതുതാൽപ്പര്യ ഹർജിക്കാർ മാത്രമാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും വാദിച്ചു.

Leave a Reply