ഗസ്സക്ക് കുവൈത്തിന്റെ കൂടുതൽ സഹായം. 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്ത് അയച്ച വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. കടുത്ത ദുരിതം തുടരുന്ന ഗസ്സയിലേക്ക് രണ്ടാമത്തെ എയർ ബ്രിഡ്ജിന്റെ ഭാഗമായി കുവൈത്ത് അയക്കുന്ന 14-ാമത് സഹായ വിമാനമാണിത്. നേരത്തെ ഈജിപ്ത്, ജോർഡൻ എന്നിവിടങ്ങളിലേക്കായി 13 വിമാനങ്ങളിലായി കുവൈത്ത് ഗസ്സയിലേക്ക് 250 ടൺ ഭക്ഷ്യസഹായം അയച്ചിരുന്നു.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിപ്പിക്കുന്നത്. സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്. ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.
ഗസ്സയിലെ മുഴുവൻ ആവശ്യക്കാർക്കും സഹായം എത്തുന്നത് വരെ എയർ ബ്രിഡ്ജ് തുടരുമെന്ന് കെ.ആർ.സി.എസ് ബോർഡ് അംഗവും ഫ്‌ലൈറ്റ് കോഓഡിനേറ്ററുമായ യൂസഫ് അൽ സാബിൻ പറഞ്ഞു.

