വയനാട്ടുകാരായ മിന്നു മണി, സജന സജീവൻ, വി ജെ ജോഷിത എന്നിവരെ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മിന്നു മണി ഏകദിന, ട്വന്റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റനാണ്. ജോഷിത ഏകദിന, ട്വന്റി 20 ടീമിലും സജന ട്വന്റി 20 ടീമിലും ഇടംപിടിച്ചു. രാധാ യാദവാണ് ക്യാപ്റ്റൻ. ഷെഫാലി വർമ്മ, ഉമ ഛേത്രി, തിദാസ് സധു തുടങ്ങിയവർ ടീമിലുണ്ട്. ഓഗസ്റ്റ് ഏഴ് മുതൽ 24 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവും ഒരു ചതുർദിന മത്സരവുമാണുള്ളത്. ബ്രിസ്ബെയ്നിൽ നടക്കുന്ന ചതുർദിന മത്സരത്തിൽ ഏകദിന ടീം തന്നെയാണ് കളിക്കുക.
സജയനും മിന്നു മണിയും ഇന്ത്യയുടെ സീനിയർ ടീമിൽ നിന്ന് തഴയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ ടീമിൽ ഇരുവരേയും ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. പിന്നാലെയാണ് എ ടീമിൽ ഉൾപ്പെടുത്തുന്നത്. ജോഷിത ആദ്യമായിട്ടാണ് ഇന്ത്യയുടെ എ ടീമിലെത്തുന്നത്. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരാണ് ജോഷിത. മലേഷ്യയിൽ നടന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ടീമിന് വേണ്ടിയും ജോഷിത കളിച്ചിരുന്നു.
അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആർസിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കൽപറ്റ സ്വദേശിയായ ജോതിഷ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള പുത്തൻ താരോദയംകൂടിയാണ്. മിന്നുമണി, സജന സജീവൻ, സി എം സി നജ്‌ല എന്നിവർക്ക് ശേഷം അക്കാദമിയിൽ നിന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയ താരമാണ് ജോതിഷ. കഴിഞ്ഞ ഏഴുവർഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. അണ്ടർ 19 തലത്തിൽ കേരളത്തെ നയിച്ചിരുന്ന താരം ഡൽഹി ക്യാപിറ്റൽസിലെ നെറ്റ് ബോളർ കൂടിയായിരുന്നു. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
ടി20 സ്‌ക്വാഡ്: രാധാ യാദവ് (സി), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, വൃന്ദ ദിനേഷ്, സജന സജീവൻ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിഷ്റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത, ഷബ്നം ഷക്കീൽ, സൈമ താക്കൂർ, തിദാസ് സധു
ഏകദിന, ചതുർദിന മത്സരങ്ങൾക്കുള്ള സ്‌ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്നിസ്, രാഘ്വി ബിഷ്റ്റ്, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ജോഷിത, ഷബ്നം ഷക്കീൽ, സൈമ താക്കൂർ, തിദാസ് സധു.

