ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഓർമ്മിപ്പിച്ചു.തൊഴിൽ മേഖലയെ ക്രമപ്പെടുത്തുന്നതിനും തൊഴിലാളികളെയും തൊഴിലുടമകളെയും സഹായിക്കുന്നതിനായി ജനുവരിയിലാണ് ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ 60 ദശലക്ഷം ഒമാൻ റിയാലിലധികം വരുന്ന പിഴകളും മറ്റ് സാമ്പത്തിക ബാധ്യതകളും ഒഴിവാക്കും.
ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 31-ന് ശേഷം യാതൊരു അപേക്ഷകളും സ്വീകരിക്കില്ല. ബന്ധപ്പെട്ട എല്ലാവരും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത സേവന കേന്ദ്രങ്ങൾ വഴിയോ സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
തങ്ങളുടെ പദവി സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ തുടരാനും ശരിയായ രീതിയിൽ ജോലി ചെയ്യാനുമുള്ള മികച്ച അവസരമാണിത്. അടുത്ത രണ്ടുവർഷത്തേക്ക് തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കും. അതേസമയം, ഒരു തൊഴിലുടമയ്ക്ക് തങ്ങളുടെ ജീവനക്കാരന്റെ പെർമിറ്റ് പുതുക്കാൻ താൽപര്യമില്ലെങ്കിൽ, അവരുടെ സേവനം അവസാനിപ്പിച്ച് യാത്രാ ടിക്കറ്റ് നൽകാം. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും മറ്റ് അധിക ബാധ്യതകളും റദ്ദാക്കപ്പെടും.

