ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ മാനസിക സമ്മർദം സാധാരണമാണ്. എന്നാൽ, ഇത് പതിവാകുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. സമ്മർദം കൂടുമ്പോൾ ശരീരത്തിലെ പ്രധാനപ്പെട്ട ധാതുക്കളുടെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെയും അതുപോലെ ഹോർമോൺ സന്തുലനത്തെയും ബാധിക്കുന്നു. ശരിയായ പോഷകാഹാരത്തിലൂടെ ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന ധാതുക്കളും അവ അടങ്ങിയ ഭക്ഷണങ്ങളും താഴെക്കൊടുക്കുന്നു.
മഗ്‌നീഷ്യം

നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലനം നിലനിർത്തുന്നതിൽ മഗ്‌നീഷ്യത്തിന് പ്രധാന പങ്കുണ്ട്. ഇത് കോർട്ടിസോൾ പോലുള്ള സ്‌ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
മഗ്‌നീഷ്യം ലഭിക്കാൻ ഇവ കഴിക്കുക: ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി.
സിങ്ക്

തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സിങ്ക് അത്യാവശ്യമാണ്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ശരിയായ പ്രവർത്തനത്തെ ഇത് പിന്തുണയ്ക്കുന്നു.
സെലിനിയം ലഭിക്കാൻ ഇവ കഴിക്കുക: കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയറുവർഗങ്ങൾ.
സെലിനിയം

സെലിനിയം ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സ്‌ട്രെസ്സിൽ നിന്ന് സംരക്ഷിക്കുകയും, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തി സമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സെലിനിയം ലഭിക്കാൻ ഇവ കഴിക്കുക: ബ്രസീൽ നട്ട്സ്, മത്തങ്ങ വിത്തുകൾ, കൂൺ, മുട്ട.
പൊട്ടാസ്യം

ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തസമ്മർദം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, ഇത് മാനസിക സമ്മർദം കുറയ്ക്കാൻ ആവശ്യമായ ഒന്നാണ്.
പൊട്ടാസ്യം ലഭിക്കാൻ ഇവ കഴിക്കുക: വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര, അവോക്കാഡോ.
ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മാനസിക സമ്മർദത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ നമ്മുടെ ശരീരത്തിന് കഴിയും. നിങ്ങളുടെ ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തി നോക്കൂ, വ്യത്യാസം അനുഭവിച്ചറിയാം.

