അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ‘ഗോട്ട് ഇന്ത്യ ടൂർ-2025’ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ ശതാദ്രു ദത്തയെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് നടപടി. ബിധാൻനഗർ കോടതിയിൽ ഹാജരാക്കിയ ദത്തയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടുമാണ് അറസ്റ്റിന് കാരണം. 4,000 രൂപ മുതൽ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത ആരാധകർക്ക് മെസ്സിയെ ശരിയായി കാണാൻ സാധിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടി, മെസ്സി അരമണിക്കൂർ തികയും മുമ്പേ മടങ്ങിയതോടെ അവസാനിച്ചു. ഇതോടെ രോഷാകുലരായ ആരാധകർ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിട്ടു. കസേരകൾ, ബാരിക്കേഡുകൾ, റെയ്‌ലിങ്ങുകൾ എന്നിവ അവർ നശിപ്പിച്ചു. തുടർന്ന് പോലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
മുഖ്യമന്ത്രി മമത ബാനർജി, ഷാരൂഖ് ഖാൻ, സൗരവ് ഗാംഗുലി തുടങ്ങിയവർ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം വേദി പങ്കിടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടക്കാതെ വന്നത് ആരാധകരുടെ രോഷം വർദ്ധിപ്പിച്ചു. ആരാധക രോഷത്തിന് പിന്നാലെ, സംഘാടകരുടെ കെടുകാര്യസ്ഥതയിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനർജി, മെസ്സിയോടും ആരാധകരോടും ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചതായും അവർ അറിയിച്ചു. ഇതിനു പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മുഖ്യ സംഘാടകനായ ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തിനായി ഇന്നലെ പുലർച്ചെയാണ് മെസ്സിയും ഇന്റർ മയാമി സഹതാരം ലൂയിസ് സുവാരസും അർജന്റീനിയൻ സഹതാരം റോഡ്രിഗോ ഡി പോളും കൊൽക്കത്തയിലെത്തിയത്. നഗരത്തിലെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. കൊൽക്കത്തയിലെ പരിപാടിക്ക് ശേഷം മെസ്സി അടുത്ത സ്ഥലത്തേക്ക് യാത്രയായി. ഇന്നലെ ഹൈദരാബാദിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി താരം കൂടിക്കാഴ്ച നടത്തുകയും ഒപ്പുവെച്ച ജേഴ്സി സമ്മാനിക്കുകയും ചെയ്തു. ഇന്ന് മുംബൈയിലെ പരിപാടിയിൽ പങ്കെടുക്കുന്ന താരം തുടർന്ന് ഡൽഹിയിലേക്ക് പോകും. മുംബൈയിൽ സച്ചിൻ ടെണ്ടുൽക്കറും മറ്റ് സെലിബ്രിറ്റികളും മെസ്സിക്കൊപ്പം വേദി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

