ദുബായിൽ വ്യായാമം ചെയ്യാൻ മാളുകൾ ഉപയോഗപ്പെടുത്തുന്ന ‘മാളത്തൺ’ പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ തുടക്കം കുറിച്ചു. കടുത്ത വേനൽച്ചൂട് കാരണം പുറത്ത് വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ പുതിയ നീക്കം.
ഓഗസ്റ്റ് മാസം രാവിലെ 7 മണി മുതൽ 10 മണി വരെ ദുബായിലെ പല മാളുകളും വ്യായാമത്തിനായി തുറന്നു കൊടുക്കും. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, സ്പ്രിങ്‌സ് സൂഖ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്‌സ്, ദുബായ് മറീന മാൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഈ പദ്ധതിയിലൂടെ, ദുബായിലെ സാധാരണ ഇടങ്ങളെ വ്യായാമത്തിനും നല്ല ശീലങ്ങൾക്കും വേണ്ടിയുള്ള സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായിലെ എല്ലാവരും ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിരോധ മന്ത്രാലയവും ദുബായ് സ്‌പോർട്‌സ് കൗൺസിലും ചേർന്നാണ് ഈ പദ്ധതി നടത്തുന്നത്. യുവാക്കൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, മാളിലെ ജീവനക്കാർ തുടങ്ങി എല്ലാവർക്കും ഇതിൽ പങ്കെടുക്കാം. യു.എ.ഇയുടെ സാമൂഹിക ലക്ഷ്യങ്ങളും ദുബായിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഇതിലൂടെ നടപ്പിലാക്കുന്നു.
ഓരോ വർഷവും ശൈഖ് ഹംദാന്റെ ആഹ്വാനത്തിൽ നടക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. അതുപോലെ, മാളത്തണും വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ.ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി മാളുകളുമായി ചേർന്ന് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ എന്നൊരു പരിപാടിയും ഇതിന്റെ ഭാഗമായി നടത്തും. മാളത്തണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

