നേപ്പാളിൽ കുടുങ്ങിയ നാൽപ്പതോളം വരുന്ന മലയാളി വിനോദസഞ്ചാരികൾ നാളെ നാട്ടിലേക്ക് മടങ്ങും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഈ സംഘം കാഠ്മണ്ഡുവിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് റോഡ് മാർഗം കോഴിക്കോട്ടേക്കും യാത്ര ചെയ്യും.
നിലവിലെ സാഹചര്യത്തിൽ നാനൂറിലധികം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെത്തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലുള്ള അതിർത്തി വഴിയും, ചിലരെ ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തി വഴിയും നാട്ടിലെത്തിച്ചു. സുരക്ഷാ മുൻകരുതലുകൾ എടുക്കാനും യാത്രകൾ ഒഴിവാക്കാനും നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് എംബസി നിർദേശം നൽകിയിരുന്നു.
നേപ്പാളിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. പ്രക്ഷോഭം നടന്ന പ്രദേശത്തിന് സമീപം കുടുങ്ങിയ പ്രായമായവർ ഉൾപ്പെടെയുള്ള സഞ്ചാരികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് കേരളത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കത്തിൽ ഉറപ്പ് നൽകി.

