ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (28) ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂലൈ 8-ന് രാത്രി ഷാർജയിലെ അൽ നഹ്ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ ശൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുണ്ടറ പോലീസ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി.
ക്രൈംബ്രാഞ്ചിന്റെ ഒരു പ്രത്യേക സംഘം ഷാർജയിൽ വിവരങ്ങൾ ശേഖരിക്കാൻ ഉടൻതന്നെ എത്തും. ഫോറൻസിക്, ശാസ്ത്രീയ പരിശോധനകൾ, ഫോൺ വിവരങ്ങൾ, മൊഴികൾ എന്നിവയടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവി പുതിയ അന്വേഷണ ടീമിനെ ഉടൻ പ്രഖ്യാപിക്കും.
വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കേരളപുരത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരൻ വിനോദ് മണിയനാണ് ചിതയ്ക്ക് തീകൊളുത്തിയത്. വൈഭവിയുടെ മൃതദേഹം ദുബായിൽ വെച്ച് നടപടികൾ പൂർത്തിയാക്കി സംസ്‌കരിച്ചിരുന്നു.
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി. ബിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടികളിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന റീ-പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിക്കുകയും തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.

