പാർലമെന്റ് മന്ദിര വളപ്പിലേക്ക് ഒരാൾ അതിക്രമിച്ചു കടന്നു. മരം കയറിയും മതിൽ ചാടിക്കടന്നുമാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിൽ കടന്നത്. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം.റെയിൽ ഭവന്റെ ഭാഗത്ത് നിന്ന് മതിൽ ചാടിക്കടന്നാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിലെത്തിയത്. ഗരുഡ ഗേറ്റിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ ആളെ ചോദ്യം ചെയ്ത് വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
അതീവ സുരക്ഷാ മേഖലയിൽ ഇയാൾക്ക് എങ്ങനെ കടന്നുകയറാനായി എന്നതിനെപ്പറ്റി അന്വേഷിച്ചു വരികയാണ്. സിഐഎസ്എഫ് ജവാന്മാർ പിടികൂടിയ ആളെ ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രാം കുമാർ ഭിൻഡ് (19) എന്നയാളാണ് അതിക്രമിച്ചു കയറിയതെന്നാണ് റിപ്പോർട്ട്.
സൂറത്തിലെ ഒരു ഫാക്ടറിയിലെ ജോലിക്കാരനായ ഇയാൾ മാനസിക നില തകരാറിലായ ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സിഐഎസ്എഫ് സൂചിപ്പിക്കുന്നത്. അതേസമയം ഡൽഹി പൊലീസ് ഇക്കാര്യത്തിൽ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. പാർലമെന്റിന്റെ വർഷകാല സമ്മേളനം കഴിഞ്ഞദിവസം സമാപിച്ചിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. അന്ന് 20 വയസ്സിനോടടുത്ത് പ്രായമുള്ള ഒരാൾ പാർലമെന്റിന്റെ മതിൽ കയറി പാർലമെന്റ് മന്ദിര വളപ്പിലേക്ക് ചാടിക്കടന്നിരുന്നു. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികവേളയിൽ രണ്ടുപേർ ലോക്‌സഭയിൽ കടന്ന് പുകയാക്രമണം നടന്നത് വലിയ ചർച്ചയായിരുന്നു.

