2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരാമർശിച്ച കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ പ്രതികരിച്ചിരുന്നു.
2006 ജൂലായ് 11-ന് വിവിധസ്ഥലങ്ങളിലായി നടന്ന ഏഴ് സ്‌ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പത്തൊൻപത് വർഷങ്ങൾക്കുശേഷം, തിങ്കളാഴ്ച ബോംബെ ഹൈക്കോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും അവർ കുറ്റകൃത്യംചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ വിധിവിലയിരുത്തും. കുറ്റവിമുക്തരാക്കാനുള്ള കാരണങ്ങൾ ചർച്ചചെയ്യും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഇതുപരിശോധിക്കും. വിലയിരുത്തലിനുശേഷം മാത്രമേ സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയുള്ളൂവെന്ന് ബവൻകുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നേതാവും മുൻ ലോക്സഭാംഗവുമായ സഞ്ജയ് നിരുപം വിധിയെനിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് കേസന്വേഷിച്ചത്. 2015-ൽ ഒരു പ്രത്യേകകോടതി കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിൽ അഞ്ചുപേർക്ക് വധശിക്ഷയും ബാക്കി ഏഴുപേർക്ക് ജീവപര്യന്തംതടവും വിധിച്ചു.

