കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി കൈകോർത്ത് ലുലു. അബുദാബി സാദിയത്ത് ഐലൻഡിലെ അഡ്നോക് ഹബ്ബിൽ ലുലു ഡെയ്ലി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എഞ്ചിനീയർ ബദർ സയീദ് അൽ ലംകി ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, വിവിധ അഡ്നോക് ഹബ്ബുകളിൽ നാല് പുതിയ സ്റ്റോറുകൾ തുറക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എഞ്ചിനീയർ ബദർ സയീദ് അൽ ലംകി എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. അഡ്നോക് ഹബ്ബിലെത്തുന്ന വാഹന യാത്രകാർക്ക് മികച്ച സേവനം നൽകുക എന്ന ‘ ദി ഹബ്ബ് ബൈ അഡ്നോക് ‘ പദ്ധതിയുടെ ഭാഗമായാണ് അഡ്നോക്ക് ഹബ്ബുകളിലെ ലുലു സ്റ്റോർ. റീട്ടെയ്ൽ സേവനങ്ങൾക്ക് പുറമേ, ഇലക്ട്രിക്കൽ വെഹിക്കൾ ചാർജിങ്ങ്, കാർ സർവ്വീസ് ഏരിയ, റെസ്റ്റോറന്റുകൾ, കോ വർക്കിങ്ങ് സ്പേസ് തുടങ്ങിയവും ‘ ദി ഹബ്ബ് ബൈ അഡ്നോക് ‘ പദ്ധതിയുടെ ഭാഗമായി അഡ്നോക് ഹബ്ബുകളിൽ സജ്ജമാക്കുന്നുണ്ട്.
അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപഭോക്താകൾക്ക് ലഭ്യമാക്കുകയാണെന്നും എം.എ യൂസഫലി പറഞ്ഞു. യാത്രാവേളയിൽ പോലും മികച്ച ഷോപ്പിങ്ങ് സൗകര്യമാണ് അഡ്നോക് ഹബ്ബുകളിലെ ലുലു സ്റ്റോർ നൽകുകയെന്നും, യുഎഇയുടെ വിഷൻ 2031ന് കരുത്തേകുന്നതാണ് പദ്ധതിയെന്നും അദേഹം വ്യക്തമാക്കി.

ദി ഹബ്ബ് ബൈ അഡ്നോക് പദ്ധതിയുടെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ലുലുവുമായുള്ള സഹകരണം എന്നും കൂടുതൽ മികച്ച സേവനം ഉറപ്പാക്കാൻ ലുലുവിന്റെ സേവനം കരുത്തേകുമെന്നും അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എഞ്ചിനീയർ ബദർ സയീദ് അൽ ലംകി പറഞ്ഞു.
16,566 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലി സ്റ്റോറിൽ ദൈനംദിന ഉതപ്ന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി , റോസ്ട്രി, പാൽഉത്പന്നങ്ങൾ, ഇറച്ചി, സൗന്ദര്യവർധക വസ്തുക്കൾ അടക്കം മികച്ച ശ്രേണിയാണ് ലഭ്യമാക്കിയിരിക്കുന്നത്. സുഗമമായ ഷോപ്പിങ്ങിനായി സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
അഡ്നോക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ക്ലാസ് മാന്റൽ, അഡ്നോക് ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ ജാക്വലിൻ എൽബോഗ്ദാദി, അഡ്നോക് ചീഫ് ഷെയേർഡ് സർവ്വീസസ് ആൻഡ് ടെക്നിക്കൽ ഓഫീസർ സയീദ് അൽ അഹ്ബാബി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രൊജ്ക്ട് ഡെവലപ്പ്മെന്റ് ഡയറക്ടർ അബൂബ്ബക്കർ ടി, അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ കുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.


