Headlines

മെസിയുടെ സന്ദർശനത്തിൽ കരാർ ലംഘിച്ചത് കേരള സർക്കാർ; അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

കേരള സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) രംഗത്ത്. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ കരാർ ലംഘിച്ചെന്ന് AFA പ്രതിനിധിയായ ലിയാൻഡ്രോ പീറ്റേഴ്‌സൺ ആരോപിച്ചു. AFA-യുടെ ചീഫ് കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിങ് ഓഫീസറായ പീറ്റേഴ്‌സണുമായി കായിക മന്ത്രി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വന്ന് ഒരു അന്താരാഷ്ട്ര മത്സരം കളിക്കുമെന്ന് മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒക്ടോബറിൽ കേരളം സന്ദർശിക്കാൻ അസോസിയേഷൻ അനുമതി നൽകിയിട്ടില്ലെന്ന് പീറ്റേഴ്‌സൺ വ്യക്തമാക്കി. കരാർ ലംഘനം എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, സർക്കാർ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.നേരത്തെ മെസി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തകൾ വന്നിരുന്നു. ഒരു സ്വകാര്യ കമ്പനി മെസിയെ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഈ സന്ദർശനത്തിൽ, അദ്ദേഹത്തിന്റെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. മെസി ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലാണ് സന്ദർശനം നടത്തുന്നത്.

അർജന്റീന ടീം ഇന്ത്യ, ബംഗ്ലാദേശ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്താൻ ആലോചിക്കുന്നുണ്ടെന്ന് പീറ്റേഴ്‌സൺ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, തിരക്കേറിയ ഷെഡ്യൂൾ കാരണം ഇത് ഉടൻ നടക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അർജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വിവരം മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. AFA പ്രതിനിധികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, ഈ അടുത്ത ദിവസങ്ങളിൽ ഈ കരാർ റദ്ദാക്കിയെന്നും അർജന്റീന ടീം കേരളത്തിലേക്ക് വരുന്നില്ലെന്നും മന്ത്രി തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് AFA പ്രതിനിധി സർക്കാരിനെതിരെയുള്ള ആരോപണവുമായി രംഗത്തെത്തിയത്.

Leave a Reply