ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്.
ഇന്ത്യ ആദ്യമായി ചാംപ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അംപയറാണ് ഡിക്കി ബേഡ്. 23 വർഷം നീണ്ട അംപയറിങ് കരിയറിൽ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും ബേഡ് നിയന്ത്രിച്ചിട്ടുണ്ട്. 1996 ൽ ബേഡ് നിയന്ത്രിച്ച അവസാന ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യൻ മുൻ നായകന്മാരായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും അരങ്ങേറ്റം കുറിച്ചത്. 1956 ൽ യോർക്ഷയർ ക്ലബ്ബിലൂടെ ബാറ്ററായി ക്രിക്കറ്റ് കരിയർ ആരംഭിച്ച ബേഡ് 1964 ലാണ് വിരമിക്കുന്നത്.
ക്ലബ്ബിനായി 93 മത്സരങ്ങളിൽ നിന്ന് 2 സെഞ്ച്വറികൾ അടക്കം 3314 റൺസ് നേടിയിട്ടുണ്ട്. 1973 ലാണ് അംപയറിങ്ങിലേക്ക് പ്രവേശിക്കുന്നത്. കൃത്യതയാർന്ന അംപയറിങ് തീരുമാനങ്ങൾക്കു പുറമേ കളിക്കാരോടുള്ള സ്നേഹവായ്പുകൊണ്ടും ക്രിക്കറ്റ്‌ലോകത്തെ സവിശേഷസാന്നിധ്യമായിരുന്നു ബേഡ്.മെംബർ ഓഫ് ദ ബ്രിട്ടീഷ് എംപയർ, ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അംപയറിങ്ങിൽ നിന്നും വിരമിച്ചശേഷം ക്വിസ് മാസ്റ്ററായും ടെലിവിഷൻ ചാറ്റ് ഷോകളിലും പങ്കെടുത്ത് ബേഡ് ശ്രദ്ധേയനായിരുന്നു.

