യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ. പ്രതിരോധ നിക്ഷേപ ഊർജ്ജ ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങൾ കരാറിൽ ഏർപ്പെട്ടത്. ഇന്ത്യൻ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാഷ്ട്രത്തലവന്മാർ ഉഭയകക്ഷി ചർച്ചയും നടത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വെറും രണ്ടു മണിക്കൂർ സന്ദർശനത്തിൽ ഇന്ത്യ ഉപ്പിട്ടത് സുപ്രധാനമായ നിരവധി കരാറിൽ.പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഇന്ത്യയും UAE തമ്മിൽ ഉള്ള ബന്ധം വ്യക്തമാകുന്നത് ആയിരിക്കും കരാർ എന്ന് വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രി പറഞ്ഞു. ബഹിരാകാശ മേഖലയിലും ഇന്ത്യയും യുഎഇ ഒരുമിച്ച് പ്രവർത്തിക്കും. ഗുജറാത്തിലെ നിക്ഷേപ കേന്ദ്രങ്ങളിൽ യുഎഇയുടെ പങ്കാളിത്തതിനായി കരാറിൽ ഒപ്പ് വച്ചു. യുഎഇ നിന്ന് ഇന്ത്യയിലേക്ക് LNG വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങൾ ഏർപ്പെട്ടു. ഭക്ഷ്യസുരക്ഷ ആണവസാഹകരണം സംബന്ധിച്ച കാര്യങ്ങളിലും ഇരു രാജ്യങ്ങൾ ധാരണയിൽ എത്തി.ചുരുങ്ങിയ സമയത്തെ സന്ദർശനമായിരുന്നുവെങ്കിലും ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു.

ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യുഎഇയുടെ പങ്ക് വർദ്ധിപ്പിക്കുന്ന സുപ്രധാനമായ 10 വർഷത്തെ എൽഎൻജി വിതരണ കരാർ ഈ കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും അഡ്നോക് ഗ്യാസും തമ്മിലുള്ള ഈ കരാർ പ്രകാരം 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. . 2024-25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിൽ എത്തിയതായും 2032-ഓടെ ഇത് 200 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. അത്യാധുനിക ആണവ സാങ്കേതികവിദ്യകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കാൻ തീരുമാനമായി. ഇന്ത്യ നടപ്പിലാക്കിയ ‘ശാന്തി’ നിയമം അന്താരാഷ്ട്ര ആണവ സഹകരണത്തിന് പുതിയ വഴികൾ തുറന്നിരിക്കുകയാണ്. സാങ്കേതിക മേഖലയിൽ, ഇന്ത്യയിൽ ഒരു സൂപ്പർ കമ്പ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കാനും ‘ഡിജിറ്റൽ എംബസികൾ’ എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 2026 ഫെബ്രുവരിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ശൈഖ് മുഹമ്മദ് പിന്തുണ അറിയിച്ചു. പ്രതിരോധ മേഖലയിൽ ഒരു ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ കെട്ടിപ്പടുക്കുന്നതിനായുള്ള താൽപ്പര്യപത്രം ഒപ്പുവെച്ചു. ഭീകരവാദത്തെയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സഹകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഗുജറാത്തിലെ ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിൽ വിമാനത്താവളം, തുറമുഖം, സ്മാർട്ട് സിറ്റി എന്നിവയുടെ വികസനത്തിൽ യുഎഇ പങ്കാളിയാകും. കൂടാതെ, ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഉപഗ്രഹ നിർമ്മാണത്തിൽ സഹകരിക്കാനും ധാരണയായി. യുഎഇയിലുള്ള 4.5 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ചർച്ചകളിൽ പ്രധാന വിഷയമായി. ഇതിന്റെ ഭാഗമായി അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരു സാംസ്കാരിക പൈതൃക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു. 2026-ൽ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യുഎഇ പ്രസിഡന്റിന് സ്നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി മോദി; സൗഹൃദത്തിന്റെ നൂലിഴകളായി ഗുജറാത്തി ഊഞ്ഞാലും കാശ്മീരി ഷാളും
ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഹൃദ്യമായ വരവേൽപ്പും സാംസ്കാരിക പ്രാധാന്യമുള്ള സമ്മാനങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്നതായിരുന്നു ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഈ കൂടിക്കാഴ്ച. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല മികവിന്റെ അടയാളങ്ങളാണ് സമ്മാനങ്ങളായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിൽ നിന്നുള്ള അതിമനോഹരമായി കൊത്തുപണികൾ ചെയ്ത തടിയിലുള്ള ഊഞ്ഞാലായിരുന്നു പ്രധാന ആകർഷണം. ഗുജറാത്തി കുടുംബങ്ങളിൽ ഒത്തൊരുമയുടെയും സ്നേഹസംഭാഷണങ്ങളുടെയും പ്രതീകമായാണ് ഈ ‘ജൂല’ അറിയപ്പെടുന്നത്. യുഎഇ 2026-നെ ‘കുടുംബ വർഷമായി’ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഈ സമ്മാനത്തിന് വലിയ പ്രാധാന്യമുണ്ട്.ലോകപ്രശസ്തമായ കാശ്മീരി പഷ്മിന ഷാളും പ്രധാനമന്ത്രി അദ്ദേഹത്തിന് സമ്മാനിച്ചു. കൈകൊണ്ട് നെയ്തെടുത്ത ഈ ഷാൾ ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമാണ്. തെലങ്കാനയിലെ വിദഗ്ധരായ തൊഴിലാളികൾ നിർമ്മിച്ച വെള്ളിപ്പെട്ടികളിലാണ് ഷാളും മറ്റും ഉൾപ്പെടുത്തിയത് .
യുഎഇ പ്രസിഡന്റിന്റെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് അൽ കെത്ബിക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. കാശ്മീരിൽ നിന്നുള്ള പ്രീമിയം കുങ്കുമപ്പൂവും പഷ്മിന ഷാളും വെള്ളിപ്പെട്ടികളിലായി അവർക്കും കൈമാറി.

