റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്, മോദിക്ക് ട്രംപിനെ പേടിയെന്ന് രാഹുൽ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ സാമ്പത്തിക സമ്മർദം ഏർപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമർശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല, റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി, എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. എന്നാൽ ഈ പ്രഖ്യാപനത്തോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.റഷ്യൻ എണ്ണ ഇടപാടിന്റെ പേരിൽ ആയിരുന്നു ഇന്ത്യക്ക് മേൽ ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്. അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ കയറ്റുമതിയിൽ 12 ശതമാനത്തോളം ഇടിവാണ് ഇരട്ട താരിഫ് മൂലം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

റഷ്യ – യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുള്ള യുഎസ് ശ്രമം പുരോഗമിക്കെ ഇന്ത്യ ഇടപാടിൽ നിന്നും പിൻമാറിയാൽ ആഗോള തലത്തിൽ തന്നെ ഊർജ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തൽ.

അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിക്ക് ട്രംപിനെ ഭയമാണെന്ന് അദ്ദേഹം പരിഹസിച്ചു. റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാൻ അക്കാര്യം പ്രഖ്യാപിക്കാനും മോദി ട്രംപിനെ അനുവദിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ട്രംപിന് മുന്നിൽ മോദി മുട്ടുമടക്കിയ സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ

പ്രധാനമന്ത്രി മോദിക്ക് ട്രംപിനെ ഭയമാണ്.

1-റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാൻ അക്കാര്യം പ്രഖ്യാപിക്കാനും മോദി ട്രംപിനെ അനുവദിച്ചിരിക്കുന്നു.
2- ആവർത്തിച്ചുള്ള ആക്ഷേപങ്ങൾക്കിടയിലും തുടർച്ചയായി അഭിനന്ദന സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു
3- ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കി.
4-ഷാം എൽ-ഷെയ്ഖിനെ ഒഴിവാക്കി
5- ഓപറേഷൻ സിന്ദൂറിലെ പ്രതികരണങ്ങളിൽ ട്രംപിനെ എതിർത്തില്ല


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply