പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീർ ഗവർണ്ണർ. സംഭവത്തിൻറെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിൻഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പഹൽഗാമിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ഗവർണ്ണറുടെ ഏറ്റു പറച്ചിൽ
പഗൽ ഗാം ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദഉള്ള നടത്തിയ ഖേദ പ്രകടനത്തിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഗവർണ്ണര് മനോജ് സിൻഹയും പറയുന്നത്. വിനോദ സഞ്ചാരികളെ ഭീകരർ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. സംഭവം നടന്നത് ഒരു പുൽമേട്ടിലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥർക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല. പാക് സ്‌പോൺസേർഡ് ആക്രമണമാണ് നടന്നത്. ആക്രമണത്തിലൂടെ വർഗീയ ചേരിതിരിവിനാണ് പാകിസ്ഥാൻ ശ്രമിച്ചത്. ജമ്മുകശ്മീർ ഒരിക്കലും ശാന്തമാകാൻ പാകിസ്ഥാൻ അനുവദിക്കില്ല. ഓപ്പറേഷൻ സിന്ധൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും ഗവർണ്ണർ മനോജ് സിൻഹ വ്യക്തമാക്കുന്നു.
ആക്രമണത്തോടെ വിനോദ സഞ്ചാരമേഖല പാടേ തകർന്നെന്നും, അമർനാഥ് യാത്രയോടെ തിരിച്ച് വരവ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും സിൻഹ അഭിമുഖത്തിൽ പറയുന്നു. തിങ്കളാഴ്ച പാർലമെൻറ് സമ്മേളനം തുടങ്ങാനിരിക്കേ സുരക്ഷ വീഴ്ചയിലെ മോനജ് സിൻഹയുടെ കുറ്റസമ്മതം ചർച്ചകൾക്ക് വഴിവയ്ക്കാം. പ്രത്യേകിച്ച് പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കാനിരിക്കേ. കേന്ദ്രഭരണപ്രദേശത്തെ സുരക്ഷ വീഴ്ചയിൽ കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. വെടിവച്ച ഭീകരരെ ഇതുവരെ പിടികൂടാൻ കഴിയാത്തതതും കേന്ദ്രസർക്കാരിൻരെ വീഴ്ചയായി പ്രതിപക്ഷം ആരോപിച്ചിരുന്നു.